കുറ്റാന്വേഷണ ചിത്രങ്ങളെന്നും ആളുകളെ ആകാംക്ഷയുടെ മുനമ്പിലാണ് എത്തിക്കാറുള്ളത്. അത്തരം ചിത്രങ്ങൾക്ക് മലയാളികളുടെ ഇടയിൽ എല്ലാകാലത്തും ഡിമാൻഡും ഉണ്ടാകും.

അത്തരം ചിത്രങ്ങൾ മികച്ച രീതിയിൽ ചെയ്യുന്ന ഒരു സംവിധായകനെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഒരാളാണ് ജിത്തു ജോസഫ്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം എന്ന ചിത്രം മലയാള സിനിമയുടെ തന്നെ ചരിത്രം മാറ്റി കുറിച്ച ഒരു ചിത്രമായിരുന്നു. അതിനുശേഷം ഇരുവരും വീണ്ടും കൈകോർത്ത ചിത്രമാണ് 12th മാൻ എന്ന ചിത്രം. ചിത്രത്തെ പറ്റി പറയുകയാണെങ്കിൽ ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേമുക്കാൽ മണിക്കൂർ കൊണ്ട് നിഗൂഢതകളുടെ ചുരുളഴിച്ചു പ്രേക്ഷകരുടെ മനസ്സിൽ അവശേഷിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി തന്നെയാണ് സംവിധായകൻ സഞ്ചരിക്കുന്നത്.
ചിത്രം അവസാനിക്കുമ്പോൾ ഒരു ചോദ്യത്തിനു പോലും അവിടെ ഉത്തരം ലഭിക്കാതെ ഇരിക്കുന്നില്ല. ഒന്നിച്ചു പഠിച്ച സഹപാഠികളായ 7പേർ അവരുടെ പങ്കാളിക്കൊപ്പം 11 പേരായി എത്തുകയാണ്. ഒരു ബാച്ചിലർ പാർട്ടി ആഘോഷിക്കുവാൻ വേണ്ടി. കാടിന് നടുവിലുള്ള ഒരു റിസോർട്ടിലേക്കുള്ള അവരുടെ യാത്രയിൽ അവിചാരിതമായി അവിടെ കണ്ട ഒരു അപരിചിതനുമായി അത്ര രസകരം അല്ലാത്ത രീതിയിലുള്ള ഒരു അനുഭവം അവർക്ക് ഉണ്ടാവുകയാണ്. ആ രാത്രിയിൽ തന്നെ ആ സൗഹൃദവലയത്തിനുള്ളിൽ ഉള്ള ഒരാളെ മരിച്ച നിലയിൽ വളരെ ദുരൂഹമായ ഒരു സാഹചര്യത്തിൽ കണ്ടെത്തുന്നു.
മരണം ആത്മഹത്യയാണോ കൊലപാതകമാണോ.? ആരാണ് കൊലയാളി.? പാർട്ടിയിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ആ പന്ത്രണ്ടാമത്തെ വ്യക്തി ആരാണ്.? അതാണ് ഈ സിനിമ പറയുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ജിത്തു ജോസഫ് എന്ന സംവിധായകനു സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാൻ സാധിക്കും. വ്യത്യസ്തമായ മാനറിസങ്ങളിൽ ആണ് മോഹൻലാൽ എന്ന നടൻ ഈ ചിത്രത്തിൽ എത്തിരിക്കുന്നത്. ചന്ദ്രശേഖർ എന്ന മോഹൻലാൽ കഥാപാത്രം രസച്ചരട് മുറിയാതെയാണ് മുന്നോട്ടു പോകുന്നത്. സൈജുകുറുപ്പ്, ലിയോൺ, ചന്തുനാഥ്, ഉണ്ണിമുകുന്ദൻ, അനുസിത്താര, അനുശ്രീ, അനുമോഹൻ, രാഹുൽ മാധവ്, അതിഥി രവി, പ്രയാഗ, ശിവദ എന്നിവരും തങ്ങൾക്ക് ലഭിച്ച റോളുകൾ വളരെ മികച്ച രീതിയിൽ തന്നെയാണ് അഭിനയിച്ച് പ്രതിഫലിപ്പിച്ചിട്ടുള്ളത്. സിദ്ധീഖ്, പ്രദീപ് ചന്ദ്രൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായി വരുന്നത്. 1
00% ഈ ചിത്രത്തെ ഒരു മിസ്റ്ററി വിഭാഗത്തിൽ തന്നെ ഉൾപ്പെടുത്താൻ സാധിക്കും. മലയാളസിനിമയ്ക്ക് ഒട്ടും പരിചിതമല്ലാത്ത രീതിയിൽ ഉള്ള ഒരു കഥ പറച്ചിലും രീതിയും തന്നെയാണ് ജിത്തു ജോസഫ് ചിത്രത്തിൽ കണ്ടെത്തിയിരിക്കുന്നത്. നല്ലൊരു വ്യത്യസ്ത അനുഭവം പകരുവാൻ ചിത്രത്തിൽ സാധിച്ചിട്ടുണ്ട്. റിസോർട്ടിലെ 12 കഥാപാത്രങ്ങൾ മാത്രമാണ് 90% നമ്മുടെ മനസ്സിലേക്ക് പതിഞ്ഞു നിൽക്കുന്നത്. ആവർത്തിച്ചു കാണാത്ത ലൊക്കേഷനുകൾ സിനിമയുടെ രസച്ചരട് മുറിയാതെ മുന്നോട്ടുകൊണ്ടുപോകാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നത് എടുത്തുപറയണം. മികച്ച രീതിയിൽ തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സസ്പെൻസിൽ നിർത്തുവാൻ ആദ്യാവസാനം സാധിച്ചുവെന്നത് സംവിധായകന്റെ മികവ് തന്നെയാണെന്ന് എടുത്തുപറയണം. ഓരോ രംഗത്തിലും 12 കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ജിത്തു ജോസഫ് എന്ന സംവിധായകൻ കടന്നുപോകുന്നത് . ചിത്രത്തിന്റെ പോരായ്മയായി എടുത്തുപറയാനുള്ളത് ചില ലോജിക്ക് പ്രശ്നങ്ങൾ മാത്രമാണ്.
ഉദാഹരണമായി ഒരു ക്രൈം സീനിൽ അത്ര വേഗത്തിൽ ഒരു അന്വേഷണം സാധാരണനിലയിൽ നടക്കുമോ.? എന്നാലും പരിമിതിയിൽ നിന്നുകൊണ്ട് നല്ല മികച്ച ഒരു ഡീസന്റ് ത്രില്ലർ ചിത്രം എന്ന രീതിയിൽ അഭിമാനത്തോടെ മലയാളികൾക്ക് ജിത്തു ജോസഫ് എന്ന സംവിധായകന്റെ പേര് പറയാൻ സാധിക്കും. ചിത്രത്തിൽ ആകമാനം നിറഞ്ഞുനിൽക്കുന്ന ഒരു നിഗൂഢതയും ബിജിഎം ഒക്കെ ചിത്രത്തിൽ മറ്റൊരു ലെവലിലേക്ക് ആണ് കൊണ്ടുചെന്നെത്തിക്കുന്നത്. മഞ്ഞും മഴയും മാറി എത്തുന്ന ഇരുളിന്റെ കരിമ്പടം അണിഞ്ഞ ആ രാത്രി നിഗൂഢതകളുടെ വലിയ ഒരു കഥ തന്നെയാണ് പറയുന്നത്. അനിൽ ജോൺസന്റെ സംഗീതം ആവട്ടെ ചിത്രത്തിന് മാറ്റ് കൂട്ടുകയാണ് ചെയ്യുക. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചുവെങ്കിലും 100% തിയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രമാണ് ഇതെന്ന് എടുത്തുപറയണം
