Entertainment

എന്നെ കല്യാണം കഴിപ്പിച്ചയക്കുന്നത് എൻ്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ മറ്റുളളവരെ കാണിക്കാൻ വേണ്ടിയാണോ….?? രജീഷയുടെ ചോദ്യം ചർച്ച ആകുന്നു.

എന്നെ കല്യാണം കഴിപ്പിച്ചയക്കുന്നത് എൻ്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ മറ്റുളളവരെ കാണിക്കാൻ വേണ്ടിയാണോ….?? രജീഷയുടെ ചോദ്യം ചർച്ച ആകുന്നു.

രജീഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രീഡം ഫൈറ്റ് എന്ന ചിത്രം വലിയ ചർച്ച ആയിരുന്നു , സ്ത്രീ ശക്തമായ ഒരു ചിത്രമായിരുന്നു അത്‌. ചിത്രത്തെ കുറിച്ച് വുമൺ റോർ ഓഫ് സൈലെൻസ് എന്ന പേജിൽ വന്ന ഒരു കുറിപ്പ് ആണ് ചർച്ച ആകുന്നത്. അനഘ അനിൽ എന്നൊരാൾ ആണ് ഈ കുറിപ്പ് പങ്കുവച്ചത്. കുറിപ്പിന്റെ പൂർണ്ണമായ രൂപം ഇങ്ങനെ…

“എന്നെ കല്യാണം കഴിപ്പിച്ചയക്കുന്നത് എൻ്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ മറ്റുളളവരെ കാണിക്കാൻ വേണ്ടിയാണോ….?? “ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലെ ഗീതു എന്ന കഥാപാത്രത്തിന്റെ ശക്തമായ വാക്കുകളിലൊന്നാണിത്. എന്തുകൊണ്ടാണ് മലയാളി പെൺകുട്ടികൾക്കിടയിൽ ഈ ഒരു ചോദ്യത്തിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്….!! ഒരുപക്ഷേ പലരും പറയാൻ ആഗ്രഹിക്കുന്നതും ചോദിക്കാൻ ശ്രമിക്കുന്നതുമായ ഒരു ചോദ്യമായിരിക്കും അത്. പെൺകുഞ്ഞുങ്ങൾ പിറന്നു വീഴുന്ന നാൾ മുതൽ അവളുടെ വിവാഹം സ്വപ്നം കണ്ട് ജീവിക്കുന്ന പ്രിയപ്പെട്ടവരുടെ ഇടയിലാണ് നാം ജീവിക്കുന്നത്. ‘വിവാഹമാണ് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് ‘ പറഞ്ഞു പഠിപ്പിക്കുന്നവർ തന്നെ അവളുടെ താൽപര്യവും സമ്മതവും അന്വേഷിക്കാതെ നിർബന്ധിപ്പിച്ച് കല്യാണമണ്ഡപത്തിലേക്ക് തള്ളിവിടുന്ന പ്രത്യേകതരം ആചാരങ്ങളാൽ സമ്പന്നമാണ് നമ്മുടെ നാട്. സ്വന്തം മകളുടെ സ്വപ്നങ്ങളെക്കാളും, സന്തോഷത്തെക്കാളും വലുതായി മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന മാതാപിതാക്കളുടെ ചിന്തയാണ് ഓരോ പെൺകുട്ടിയുടേയും ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി.

ശാസ്ത്രം മനുഷ്യനെ സാമൂഹ്യ ജീവിയായി അംഗീകരിക്കുന്നുണ്ടെങ്കിലും സ്വന്തം സന്തോഷത്തേക്കാൾ വലുതല്ല സമൂഹത്തിൻ്റെ സംതൃപ്തിയെന്ന് ഇനി എന്നാണ് നാം തിരിച്ചറിയുക….!
സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ ഓരോ പെൺകുട്ടിയെയും തേടിയെത്തുന്ന ചോദ്യമാണ് “കല്യാണം ഒന്നും ആയില്ലേന്ന്.. (അത് അല്ലെങ്കിലും അങ്ങനെ ആണല്ലോ….നമ്മുടെ വ്യക്തി ജീവിതത്തെകുറിച്ച് നമ്മളെക്കാൾ ഏറെ താല്പര്യവും ഉത്കണ്ഠയും മറ്റുള്ളവർക്കായിരിക്കുമല്ലോ….!! ) എന്നാൽ എന്തുകൊണ്ടാണ് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു നിൽക്കുന്ന ആൺകുട്ടികളോട് ഈ ചോദ്യം സമൂഹം ആവർത്തിക്കാത്തത്…? അവിടെയാണ് ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും പ്രസക്തിയേറുന്നത്. അവൻ വിദ്യാഭ്യാസം നേടി ജോലി സ്വന്തമാക്കി സ്വയംപര്യാപ്തയാവണ്ടനും അവൾ എന്നും മറ്റൊരാളിൽ ജീവിതം ആശ്രയിക്കേണ്ടവളാണെന്നുമുളള സമൂഹത്തിൻ്റെ പൊതു ചിന്താഗതി മാറേണ്ടിയിരിക്കുന്നു. അവനെ പോലെ അവൾക്കും ആഗ്രഹങ്ങളുണ്ട്…. സ്വപ്നങ്ങളുണ്ട്…. വിവാഹമെന്ന പാരമ്പര്യ സങ്കൽപ്പത്തിന്റെ പേരിൽ പലപ്പോഴും അവളുടെ സ്വാതന്ത്ര്യം മുതൽ സ്വപ്നങ്ങൾ വരെ വിരാമിടുകയാണ്.

“Education is the most powerful weapon to build any change”വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ സുരക്ഷിതമായ ഒരു ജോലിയിൽ മാത്രം ഒതുക്കി നിർത്താനാവില്ല. സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും, സ്വപ്നങ്ങൾ നേടിയെടുക്കാനും, തെറ്റും ശരിയും തിരിച്ചറിയാനുള്ള വിധത്തിൽ ഒരു വ്യക്തിയെ പ്രാപ്ത്തയാക്കുന്നതിലും വിദ്യാഭ്യാസത്തിന് പങ്കുണ്ട്.
“കാലം മാറിയില്ലേ… ഇനിയും സ്ത്രീ പുരോഗമനം ആവശ്യമുണ്ടോ…? “
എന്ന് നിസ്സാരമായി കളി തമാശയോടെ ചോദിക്കുന്നവർ, സ്വന്തം വീട്ടിലെ സ്ത്രീകളിലേക്ക് ഒന്ന് നോക്കിയാൽ മതി. “മറ്റുള്ളവർക്ക് വേണ്ടി അവളുടെ ആഗ്രഹങ്ങളെ സ്വപ്നങ്ങളെ അവൾക്ക് പാതിവഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ടോ… അവളുടെ ഇഷ്ടങ്ങളെ തേടി പിടിക്കാനാവാത്ത അകലത്തിലേക്ക് നിങ്ങൾ തള്ളി വിട്ടിട്ടുണ്ടോ…അവളുടെ സ്വാതന്ത്ര്യത്തിന് അറിഞ്ഞോ അറിയാതെയോ നിങ്ങൾ അതിർവരമ്പുകൾ വീഴ്ത്തിയിട്ടുണ്ടോ….!! ” മൗനമാണ് ഉത്തരമെങ്കിൽ സ്ത്രീശാക്തീകരണവും ലിംഗസമത്വവും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

പിറന്നു വീഴുന്ന നാൾമുതൽ അവളുടെ വിവാഹം സ്വപ്നം കാണുന്നതിന് പകരം… എങ്ങനെ അവൾക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കാമെന്ന് ഓരോ മാതാപിതാക്കളും ചിന്തിച്ചു തുടങ്ങണം. ആദ്യം അവൾ പഠിക്കട്ടെ…. സ്വപ്നങ്ങൾക്കായി ആകാശത്തിനപ്പുറം അവൾ പറക്കട്ടെ… സമൂഹത്തിനുവേണ്ടി അവളുടെ സ്വപ്നങ്ങൾക്ക് ഇനിയെങ്കിലും അതിരുകൾ വീഴാതിരിക്കട്ടെ…!!”ഒരു ആൺകുട്ടിയായി ജനിച്ചിരുന്നെങ്കിൽ” എന്ന് ജീവിതത്തിൽ ഒരു തവണയെങ്കിലും ചിന്തിക്കാത്ത പെൺകുട്ടികൾ ചുരുക്കമായിരിക്കും. എന്തിനാണ് ആണായി പിറക്കാൻ കൊതിക്കുന്നത്…? അവസരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഭൂമിയും, വിശാലമായ ആകാശവും നമുക്ക് കൂടി ഉള്ളപ്പോൾ പെണ്ണായി തന്നെ സ്വപ്നങ്ങൾ സ്വന്തമാക്കിയാൽ പോരേ….!! ഒരു പെണ്ണായിരിക്കുക എന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് പറയുന്നതിനെ ഒട്ടൊന്നു മാറ്റിയാൽ…. ഒരു പെണ്ണായിരിക്കുക എന്നത് തന്നെയാണ് എന്റെ
ഏറ്റവും വലിയ ധൈര്യം…. (സൗഭാഗ്യങ്ങളെക്കാൾ ധൈര്യമാണല്ലോ ജീവിതത്തിൽ ആവശ്യം….)

സ്ത്രീ ശക്തീകരണവും, ലിംഗസമത്വവും വർണ്ണിച്ച് പുരുഷ സമൂഹത്തിൻ്റെയും
പഴയ തലമുറയുടെയും അടുത്ത് പോകുന്നതിനേക്കാൾ ഉചിതം…, ഇനി വരുന്ന തലമുറയിൽ ലിംഗ സമത്വം വളർത്തിയെടുക്കുക എന്നതാണ്. വീട് ആദ്യത്തെ വിദ്യാലയമാവുന്ന സമൂഹത്തിൽ…. പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും തുല്യരായി അവർ വളരട്ടെ….! അവന് ക്രിക്കറ്റ് ബാറ്റും ബോളും സമ്മാനിക്കുമ്പോൾ അവൾക്ക് കിച്ചൻ സെറ്റ് വാങ്ങി കൊടുക്കുന്നിടം മുതൽ നമുക്ക് മാറ്റങ്ങൾ സൃഷ്ടിക്കാം…. പാചകവും അടുക്കളയും അവളുടെ മാത്രം സ്വന്തമല്ലെന്നും…. വീട്ടുജോലിയിൽ അച്ഛൻ അമ്മയെ സഹായിച്ചില്ലെങ്കിലും ഞാൻ സഹായിക്കുമെന്ന ബോധം അവനിൽ വളർത്തിയെടുക്കാം. തെറ്റ് കണ്ടാൽ ചോദ്യം ചെയ്യാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യം രണ്ടുപേർക്കും ഒരുപോലെ നൽകാം….

വിവാഹവും കുടുംബജീവിതവും അവളെ ഒതുക്കാൻ ഉള്ളതല്ലെന്നും…. മറിച്ച് ജീവിത ഓട്ടത്തിനിടയിൽ എപ്പോഴൊക്കെയോ അവൾക്ക് നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളെ കോർത്തിണക്കി സ്വന്തമാക്കാനുള്ള ഊർജ്ജമായി ഓരോ കുടുംബവും മാറട്ടെ…!!കുടുംബബന്ധങ്ങൾ ബന്ധനമാവുന്നതിന് പകരം…. ഇടറി വീണാലും ചേർത്തു പിടിക്കാനും മുന്നോട്ടേക്ക് നയിക്കാനുമുള്ള ശക്തിയായും ഊർജ്ജമായും മാറട്ടെ…!!സന്തോഷമുള്ള കുടുംബങ്ങളിൽ മികച്ച പൗരന്മാർ സൃഷ്ടിക്കപ്പെടുമ്പോൾ സമൂഹവും മാറും…. മാറ്റങ്ങളെയും പുരോഗമനങ്ങളെയും കണ്ടു ഓരോ പെണ്ണും വീണ്ടും പെണ്ണായി ജനിക്കാൻ കൊതിക്കും (ഇതൊക്കെയല്ലേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീ സ്വപ്നങ്ങൾ….)ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്വാതന്ത്ര്യ സമരങ്ങളോടൊപ്പം….!!അനഘ അനിൽ

Most Popular

To Top