നീലത്താമര എന്ന റീമേക്ക് ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്നെ ഭാവി ആരംഭിച്ച നടിയായിരുന്നു അർച്ചന കവി. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്കെത്തിയ അർച്ചനാ കവിക്ക് പക്ഷേ സിനിമയിൽ മികച്ച രീതിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല.

ഒന്ന് രണ്ട് ചിത്രങ്ങളിൽ കൂടി മികച്ച വേഷങ്ങൾ അവതരിപ്പിച്ചിരുന്നുവെങ്കിലും സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത് താരം മാറുകയായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അർച്ചന കവി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ്. ഇപ്പോഴിതാ കേരള പോലീസിൽ നിന്നും നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെപ്പറ്റി തുറന്നുപറയുകയാണ് നടി അർച്ചന കവി. സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെയാണ് ഇങ്ങനെ ഒരു പരാമർശം താരം നടത്തിയിരിക്കുന്നത്.

തന്നോട് മോശമായി കേരള പോലീസ് പെരുമാറിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കേരള പോലീസിനെയും ഫോർട്ട് കൊച്ചി പോലീസിനെയും ടാഗ് ചെയ്തുകൊണ്ടാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഈ ഒരു വാർത്ത പങ്കുവച്ചത്. ഇങ്ങനെയാണ് താരം കുറിച്ചിരിക്കുന്നത്… ” ഞാനും ജസനയും കുടുംബത്തിനൊപ്പം തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു.

ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. വളരെ മോശമായാണ് ഞങ്ങളോട് അവർ പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പോലും അവർ ചോദിച്ചു. ചോദ്യം ചെയ്യുന്നതിൽ ഒന്നും എനിക്ക് പ്രശ്നമില്ല. എന്നാൽ അതിനും ഒരു രീതിയുണ്ടല്ലോ, ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായാണ് തോന്നിയതെന്നും അർച്ചന പറഞ്ഞു. ഈ ഒരു സ്റ്റോറി ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ സമയത്ത് ഇറങ്ങാൻ പാടില്ലെന്നൊരു ചോദ്യം പോലെയാണ് അർച്ചന കവി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
