‘മരക്കാർ’ സിനിമയുടെ വലുപ്പം തന്നെ അമ്പരിപ്പിച്ചുവെന്ന് സംവിധായകൻ ശ്രീകുമാര്‍ മേനോന്‍.!!

മരക്കാര്‍: അറബിക്കടലിന്റെ സിംഹം കണ്ടു. സിനിമയുടെ വലിപ്പം അമ്പരപ്പിച്ചു. സിനിമ വലിയ വിജയമാകുന്നു എന്നറിയുന്നതില്‍ സന്തോഷം. മലയാള സിനിമയുടെ ഒന്നാമതുകളില്‍ എല്ലാം മോഹന്‍ലാലാണ്. ആദ്യ 100 കോടി സിനിമ, 200 കോടി സിനിമ, 365 ദിവസം ഓടിയ ചിത്രം- എല്ലാം. ആ ചരിത്രം മരക്കാറിലും ആവര്‍ത്തിക്കുന്നു. സ്‌ക്രീനില്‍ മറ്റു താരങ്ങള്‍ക്ക് ഇടം കൂടുതല്‍ കിട്ടുന്നതില്‍ പരിഭവിക്കുന്നയാളല്ല ലാലേട്ടന്‍. മരക്കാറില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. തിരുവിന്റെ ക്യാമറ, വിഷ്വല്‍ എഫക്ട്‌സ്, മ്യൂസിക്. ഇത്രയും വലിയ പ്രൊജക്ടിനെ നയിക്കാന്‍ പ്രിയദര്‍ശനല്ലാതെ മറ്റാര്‍ക്ക് സാധിക്കും; ലാലേട്ടനല്ലാതെ മറ്റാര് ആ സ്വപ്നം യാഥാർത്ഥ്യമാക്കും!ലാലേട്ടന്റെ ഫാന്‍ബോയ് സിനിമയേ അല്ല മരക്കാര്‍. ആ പ്രതീക്ഷയോടെ തിയേറ്ററില്‍ പോകാതിരിക്കുക എന്നതാണ് മരക്കാര്‍ ആസ്വദിക്കാനുള്ള മാര്‍ഗ്ഗം.

മലയാള സിനിമയ്ക്ക് ലോകത്താകമാനം റിലീസിങ്ങ് സ്‌ക്രീനുകള്‍ ഉണ്ടാകുന്നത് കൂടുതല്‍ വലിയ സിനിമകള്‍ക്ക് കാരണമാകും. ഒടിടി- തിയറ്റര്‍ എന്നിങ്ങനെ കൂടുതല്‍ വിശാലമായ സാധ്യതയാണ് സിനിമകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരേ ദിവസം നാല്‍പ്പതോളം രാജ്യങ്ങളില്‍ മലയാള സിനിമ റിലീസ് ചെയ്യുന്നു. ഹോളിവുഡ് സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നതു പോലെ മലയാളം അവിടെയും. ഒരുപാട് പ്രദര്‍ശനങ്ങള്‍ നമുക്ക് കിട്ടുന്നു. മുന്‍പൊക്കെ തമിഴ്‌നാട്ടില്‍ നൂണ്‍ഷോയ്ക്ക് പ്രദര്‍ശനം കിട്ടിയാലായി എന്നതു മാറി ഇരുന്നൂറോളം തിയറ്ററുകള്‍ നമുക്ക് കിട്ടുന്നു. തമിഴ്- തെലുങ്ക്- ഹിന്ദി സിനിമകള്‍ കേരളത്തില്‍ നിന്ന് കളക്ട് ചെയ്യുന്നതില്‍ കുറച്ചെങ്കിലും മലയാളത്തിനും അവിടെ നിന്നെല്ലാം ലഭിക്കുന്നു. ഒടിടിയിലൂടെ മലയാളികള്‍ മാത്രമല്ലാതെ പ്രേക്ഷകര്‍ പെരുകുകയാണ്. മൂവി ബിസിനസിലും അവസരങ്ങളുടെ കാര്യത്തിലും ഈ നേട്ടം നാടിന് ഗുണകരമാണ്.

സ്മാർട് ഫോണ്‍ അടക്കമുള്ള സ്‌ക്രീനുകള്‍ക്കോ സ്പീക്കറുകള്‍ക്കോ തരാനാവാത്ത ദൃശ്യ- ശ്രാവ്യ അനുഭവം നല്‍കുന്ന സിനിമകള്‍ക്കാകും ഇനി തിയറ്ററില്‍ കൂടുതല്‍ സാധ്യത. സിനിമ കാഴ്ചയ്ക്കപ്പുറം അനുഭവമായി മാറണം. സാങ്കേതികമേന്മയുള്ള സിനിമകള്‍ക്കു മാത്രമേ തിയറ്ററുകളെ ആ നിലയ്ക്ക് നിലനിര്‍ത്താനാകു. മരക്കാര്‍ ആ നിലയ്ക്ക് തിയറ്റര്‍ അനുഭവം നല്‍കുന്ന സിനിമയാണ്. വാനപ്രസ്ഥവും കാലാപാനിയും യാഥാര്‍ത്ഥ്യമായത് മോഹന്‍ലാല്‍ എന്ന നിര്‍മ്മാതാവ് ഉണ്ടായതിനാലാണ്. സിനിമയില്‍ നിന്ന് സമ്പാദിച്ചത് സിനിമയില്‍ നിക്ഷേപിക്കുന്ന ലാലേട്ടന്‍. ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരം നേടിയ വാനപ്രസ്ഥമടക്കം, ലാലേട്ടന്‍ അക്കാലത്ത് കോടികള്‍ മുടക്കി നിര്‍മ്മിച്ച സിനിമകള്‍ എന്നും ഭാഷയ്ക്ക് അഭിമാനമാണ്.

തിയറ്ററിലും സോഷ്യല്‍ മീഡിയയിലും മരക്കാറിനെതിരെ കേട്ട അപശബ്ദങ്ങള്‍ ആരുടേതാണ് എന്നാണ് സിനിമ കഴിഞ്ഞപ്പോള്‍ ചിന്തിച്ചത്. അത് കേരളത്തിന്റെ പൊതുശബ്ദമായി കരുതാനില്ല. പ്രത്യേകതരം മാനസികാവസ്ഥയുടെ ശബ്ദമാണത്. കൊലവിളിയാണത്. ബോധപൂര്‍വ്വമായ കടന്നാക്രമണം ഒരു ബിസിനസ് സംരംഭത്തിന് എതിരെ നടക്കുമ്പോള്‍, അതിനെ ചെറുക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്.

എനിക്ക് ഇഷ്ടപ്പെടാത്തത് മറ്റാരും കാണണ്ട, എന്ന നിലയ്ക്കാണ് ഹിംസാത്മകമായ ആക്രോശം ഉയരുന്നത്. കേരളം പോലെ ഒരു സംസ്ഥാനത്തിന് ചേര്‍ന്നതല്ല ഈ അസഹിഷ്ണുത. എന്തോ കാണാന്‍ പോയി, അതു കിട്ടിയില്ല- എന്നതിന് പിന്നണിക്കാരായ മഹാപ്രതിഭകളെ കടന്നാക്രമിക്കുകയല്ല വേണ്ടത്. അപശബ്ദം ഉയര്‍ത്തുന്നവര്‍ സ്വയം വെളിപ്പെടുത്തുകയാണ്. ആ അപശബ്ദം കേട്ട് ചിരിക്കുകയും പടര്‍ത്തുകയും ചെയ്യുന്നവരും അതേ മാനസികാവസ്ഥയിലാണ്. വിമര്‍ശനം എന്നതു തന്നെ ഒരു കലയാണ്. ആസ്വാദകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നത് വധിക്കാനുള്ള അവകാശമല്ല.

കേരളത്തിന് ശത്രുക്കളുണ്ട്, ഈ നാട് ഗതിപിടിക്കരുത് എന്നു കരുതുന്നവര്‍. കേരളത്തിന്റെ ശത്രുക്കളാണ് മരക്കാറിനെതിരെ ക്വട്ടേഷന്‍ എടുത്തതു പോലെ പെരുമാറുന്നത്. മലയാള സിനിമയില്‍ വരുന്ന നിക്ഷേപം കേരളത്തിന്റെ വ്യവസായ നിക്ഷേപം തന്നെയാണ്. ആ നിക്ഷേപം സംരക്ഷിക്കപ്പെടണം.മരക്കാറിന്റെ യഥാര്‍ത്ഥ മുതല്‍മുടക്ക് പണമായി നിക്ഷേപിക്കപ്പെട്ടതു മാത്രമല്ല, പ്രതിഭകള്‍ അതില്‍ നടത്തിയ കല കൂടിയാണ്. അങ്ങനെ വരുമ്പോള്‍ മരക്കാറിന്റെ മൂല്യം 500 കോടിക്ക് മുകളിലാണെന്നു കണക്കാക്കി നോക്കൂ. അത്രയേറെ മൂല്യം സിനിമയിലൂടെ തിരിച്ചു പിടിക്കേണ്ടതുണ്ട്. പൗരന്റെ ജീവനും സ്വത്തിനും നല്‍കേണ്ട സംരക്ഷണമുണ്ട്. ആ സംരക്ഷണം ഓരോ സംരംഭങ്ങളും അര്‍ഹിക്കുന്നുന്നുണ്ട്.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാകാന്‍ നാം ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. തിയേറ്ററില്‍ കയറി സിനിമയുടെ ക്ലിപ്പ് മൊബലില്‍ പകര്‍ത്തി, ആ വ്യവസായത്തിന് നാശമാകുന്ന വിധത്തില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. സിനിമയിലെ ഒരു ഡയലോഗ് ഭാഗം മൊബലില്‍ മോഷ്ടിച്ചു കൊണ്ടുവന്നത് കുറ്റം. അത് പ്രചരിപ്പിച്ചത് അതിലേറെ കുറ്റം. ഇതു ചെയ്തവരാരും അതിനെ കുറ്റമായി കാണുന്നില്ല. അതവരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കരുതുന്നു. മരക്കാറിനെതിരെ ഇത്രയേറെ കുറ്റകൃത്യം നടന്നിട്ടും അതുകണ്ടു നില്‍ക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍.

വെട്ടിയിട്ട വാഴത്തണ്ടു പോലെ- എന്ന ഡയലോഗ് സിനിമയില്‍ ഏറ്റവും വൈകാരികമായി ഉപയോഗിക്കപ്പെട്ടതാണ്. ആ നിമിഷത്തിൽ ആര്‍ക്കാണ് ഒരാളുടെ കരച്ചില്‍ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നത്. പരിഹസിക്കാന്‍ തോന്നുന്നത്. അങ്ങനെ തോന്നുന്ന മാനസികാവസ്ഥ ചിലരില്‍ ഉണ്ടാകുന്നു എങ്കില്‍ അവരോട് കടപ്പാടുള്ളവര്‍ തീര്‍ച്ചയായും മെഡിക്കലായ പരിഹാരത്തിന് ശ്രമിക്കണം. മോഷ്ടിച്ച ക്ലിപ്പ്, പ്രചരിപ്പിക്കുമ്പോള്‍ ഇത് ചെയ്യരുതാത്തതാണ് എന്ന് പറഞ്ഞു കൊടുക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

ഷോ കഴിഞ്ഞ ശേഷമുള്ള തിയേറ്ററിന്റെ ചിത്രങ്ങളും ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങളുമെല്ലാം ഈ പടത്തിന്റേതെന്നു പറഞ്ഞു കാണിക്കുന്നതടക്കം മരക്കാര്‍ കാണരുത് എന്ന നിര്‍ബന്ധ ബുദ്ധിയോടെയുള്ളതാണ്.മരക്കാറിന്റെ നിര്‍മ്മാതാക്കള്‍ ഒരു കേസു കൊടുത്താല്‍ മോഷണ ക്ലിപ്പ് പ്രചരിപ്പിച്ച എല്ലാവരും കുടുങ്ങും. കോടികള്‍ നഷ്ടപരിഹാരവും കൊടുക്കേണ്ടി വരും എന്നു മറക്കാതിരിക്കുക.

ചേരി തിരഞ്ഞും വര്‍ഗ്ഗീയ സ്വഭാവത്തോടെയും സിനിമകളെ ആക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണം. 365 ദിവസം ഓടിയ ഒരു മലയാള സിനിമയുണ്ടെങ്കില്‍ അത് പ്രിയന്റെയാണ്. കിലുക്കം മുതല്‍ കാഞ്ചീവരം വരെയുള്ള വ്യത്യസ്ത സിനിമകള്‍. ബോളിവുഡിലെ സൂപ്പര്‍ ഡയറക്ടര്‍ സ്ഥാനം- പ്രിയദര്‍ശന്‍ മലയാളിയുടെ അഭിമാനമാണ്.

അക്ഷയ്കുമാറിനെ ഹിന്ദിയില്‍ സൂപ്പര്‍ സ്റ്റാറാക്കിയ ആളാണ് പ്രിയദര്‍ശന്‍. അജയ് ദേവഗണടക്കം പ്രിയദര്‍ശന്റെ സിനിമകളിലൂടെ ഹിറ്റായവര്‍ എത്രയോ. ഒരുകാലത്ത് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ സാറടക്കം പ്രിയേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു.

പ്രിയദര്‍ശന്റെ സ്വപ്‌നത്തിനൊപ്പം നിന്ന എല്ലാവരോടും നന്ദി. ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ മരക്കാര്‍ അടക്കമുള്ള സിനിമകള്‍ക്കായി വലിയ ഫണ്ടാണ് കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ വിജയം മലയാളം സിനിമാ വ്യവസായത്തിന് ആകമാനം മുതല്‍ക്കൂട്ടാണ്.മലയാള സിനിമയുടെ ക്യാന്‍വാസ് വലുതാക്കിയ ചരിത്ര നിയോഗമാണ് മരക്കാര്‍ സിനിമ. മലയാളമാണ് വലുതായത്.

Leave a Comment