മരക്കാർ ടെലി ഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പിള്ളി സ്വദേശി പിടിയിൽ കൂടുതൽ പേർ കുടുങ്ങും!

മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ’ത്തിന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കോട്ടയത്ത് പൊലീസ് പിടിയില്‍. എരുമേലി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ ‘സിനിമാ കമ്പനി’ എന്ന ഗ്രൂപ്പിലൂടെയാണ് ഇയാള്‍ സിനിമ പ്രചരിപ്പിച്ചത്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

കോട്ടയം എസ്‍പി ഡി ശില്‍പ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. നല്ല പ്രിന്‍റ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് തന്നെ സിനിമ കാണണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്‍റ് പല ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത നസീഫിനെ സൈബര്‍ പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചിരുന്നു. ഇന്നു രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഈരാറ്റുപേട്ടയില്‍ ഒരു മൊബൈല്‍ കടയുടെ ഉടമയാണ് ഇയാള്‍. എന്നാൽ മോഹൻലാൽ ആരാധകനായ സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാൻ മറ്റൊരു ഗ്രൂപ്പിൽ വന്ന പ്രിന്‍റ് ഫോർവേഡ് ചെയ്യുകയായിരുന്നുവെന്നാണ് അറസ്റ്റിന് മുമ്പ് നസീഫ് വിശദീകരിച്ചത്. അതേസമയം മരക്കാറിന്‍റെ വ്യാജ പ്രിന്‍റ് പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടിക്കാണ് പൊലീസ് നീക്കം. കൂടുതൽ പേർ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലാണ്. തെളിവുകൾ ശേഖരിച്ച ശേഷം ഇവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മരക്കാര്‍ ലോകമാകെ 4100 സ്ക്രീനുകളില്‍ വ്യാഴാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടത്. പുലര്‍ച്ചെ നടന്ന ഫാന്‍സ് ഷോകള്‍ക്കു പിന്നാലെതന്നെ ചിത്രത്തിന്‍റെ മൊബൈലില്‍ പകര്‍ത്തിയ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് മുഴുവന്‍ ചിത്രവും അടങ്ങുന്ന ലിങ്കുകള്‍ ടെലിഗ്രാമിലൂടെ പ്രചരിച്ചത്. ചിത്രത്തിനെതിരെ സംഘടിത ആക്രമണം നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു.

Most Popular

To Top