പവിത്രയുടെ മാത്രം…;വായിക്കാം

ഭാഗം- 1

പ്രഭാത സൂര്യന്റെ കിരണങ്ങൾ അരിച്ചു ഇറങ്ങുന്ന പുലരി, വയൽപൂക്കളിൽ മഞ്ഞുതുള്ളികൾ തട്ടി സൂര്യപ്രകാശം ഒരു മുത്ത് പോലെ തോന്നി,രാവിലെ പുറത്തെ പ്രകൃതിമനോഹരം ആയ കാഴ്ചകൾ ആസ്വദിക്കുക ആയിരുന്നു ആനന്ദ്,പാലക്കാടൻ കാറ്റിന്റെ കുളിരു അയാളുടെ മുഖത്തേക്ക് വീശി, പാലക്കാടിന്റെ സൗന്ദര്യം ഈ നെൽ വയലുകൾ തന്നെ ആണ് അയാൾ ഓർത്തു,

“അനികുട്ട,

അമ്മയുടെ വിളി കേട്ടാണ് വാതിലിൽ നോക്കുന്നത്, നോക്കിയപ്പോൾ കൈയ്യിൽ ആവിപാറുന്ന ഫിൽറ്റർ കാപ്പിയുമായി അമ്മ, വറുത്തു ഇടിച്ച കാപ്പിപൊടിയുടെ ഗന്ധം പെട്ടന്ന് തന്നെ അയാളുടെ നാസിക തുമ്പിലേക്ക് അടിച്ചു,

“അമ്മ എന്തിനാ ഈ മുട്ട് വേദന വച്ചു ഈ കോണിപടി കയറിയത്, ആതിയുടെ കൈയ്യിൽ വല്ലോം കൊടുത്ത് വിട്ടാൽ പോരാരുന്നോ?

“അവൾ കാലത്തെ പോയി പ്ലസ്ടു അല്ലേ, സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് എന്ന് പറഞ്ഞു,

“ഞാൻ താഴേക്ക് വന്നേനെ,

“സാരമില്ല അനി, നീയും നിന്റെ അനുജത്തിയും ഒക്കെ കരുതണ പോലെ അത്ര വയ്യാഴക ഒന്നും നിക്ക് ഇല്ല,

“എന്നിട്ട് ആണ് സന്ധ്യ ആകുമ്പോൾ കാലിനു വേദന, കൈയ്യിൽ വേദന, എല്ലാ ജോലിയും ഒറ്റക്ക് ചെയ്യൂന്നത് കൊണ്ടാണ്,ആതിര ചെയ്താലും അമ്മക്ക് തൃപ്തി ആകില്ല, എന്നാൽ ഒരു ജോലിക്കാരിയെ വയ്ക്കാം എന്ന് പറഞ്ഞാലും അമ്മ സമ്മതിക്കില്ല,

“ജോലിക്കാരി ഒന്നും വേണ്ട,നീയ്യ് ഒരു പെണ്ണ് കെട്ടിയാൽ മതി, ഒരു പെൺകുട്ടി വന്നു കയറിയാൽ തീരാവുന്ന അസുഖങ്ങൾ മാത്രേ എനിക്ക് ഉള്ളു, നല്ല ജോലി ഉണ്ട് സൗന്ദര്യം ഉണ്ട് പറയാൻ വല്ല്യ പ്രാരാബ്ദം ഒന്നും ഇല്ല, പിന്നെ എന്താണ് അനികുട്ടാ നീയ്യ് ഇങ്ങനെ കല്യാണം കഴിക്കാതെ മാറി നിൽക്കണത് ,

“ഞാൻ മാറി നിൽക്കുന്നത് ആണോ അമ്മേ, ഇപ്പോൾ എത്ര പെൺകുട്ടികളെ കണ്ടു എനിക്ക് കൂടെ മനസ്സിൽ പിടിക്കാണ്ടെങ്ങനേയ ഞാൻ താലി ചാർത്തണ്,

“സത്യം പറയ്യ് നീയ്, നിന്റെ മനസ്സിൽ ആരേലും ഉണ്ടോ,

“അങ്ങനെ ഉണ്ടാരുന്നു എങ്കിൽ, ഈ കണ്ട പെൺകുട്ടികൾടെ ഒക്കെ വീട്ടിൽ പോയി ചായ സൽക്കാരം വാങ്ങണ്ടേ കാര്യം ഉണ്ടോ അമ്മേ, എനിക്കു അവളെ തന്നെ അങ്ങ് കെട്ടിയാൽ പോരെ, എനിക്ക് ഒരു ഇഷ്ടം ഉണ്ടെങ്കിൽ അമ്മ അതിന് എതിര് നിൽക്കില്ല എന്ന് അറിയാല്ലോ,

“നിനക്ക് നിന്റെ അച്ഛന്റെ സ്വഭാവം തന്നെ ആണ്, ഒന്നും ഇഷ്ടം ആകില്ല, മനസ്സിൽ പിടിക്കണം എന്തും,

“മറ്റു കാര്യങ്ങൾ പോലെ ആണോ വിവാഹം, അത് മനസ്സിൽ പിടിച്ചു തന്നെ വേണം ചെയ്യാൻ, അല്ലാണ്ട് വഴിപാട് തീർക്കാൻ അല്ലല്ലോ,

“സമ്മതിച്ചു, ഇന്ന് ഉത്സവം തീരുക ആണ് നീയ്യ് അമ്പലത്തിൽ പോകുന്നില്ലേ,

“ഉവ്വ് വൈകുന്നേരം ഭാരതനാട്ട്യം ഒക്കെ ഉണ്ടല്ലോ,

“അതൊക്കെ വൈകുന്നേരം ആണ്, നിനക്ക് നാളെ പുതിയ കോളേജിൽ പോകണ്ടേ,

“അത് 10 നു ജോയിൻ ചെയ്താൽ മതി, വെളുപ്പിന് ട്രൈയിനു പോകണം,നമ്മുടെ ഉത്സവം വിട്ട് ഞാൻ പോവോ?

“അവിടെ താമസം ഒക്കെ എങ്ങനെ ആണ് മോനേ,

“അതൊക്കെ ഹരി ഏർപ്പാട് ചെയ്തിട്ടുണ്ട് അമ്മേ,

“ഏറ്റുമാനൂരപ്പന്റെ അടുത്തേക്ക് ആണല്ലോ പോകുന്നെന്ന് ഉള്ള സമാധാനം ഉണ്ട്,

“ഞാൻ അവിടെ ചെന്ന് കഴിഞ്ഞു ഒരു ദിവസം അമ്മ പോര് നമ്മുക്ക് ഏറ്റുമാനൂർ ഒക്കെ കണ്ടു പോരാം,

“അത് നീയ് പറഞ്ഞില്ലേലും ഞാൻ വരും,നീ പോയി കുളിച് വാ ഞാൻ പ്രാതൽ എടുത്തു വയ്യക്കാം,

അവർ താഴേക്ക് ഇറങ്ങിയപ്പോൾ അലമാരയിൽ നിന്ന് തോർത്തു എടുത്തു അയാൾ കുളിക്കാൻ ആയി ഇറങ്ങി, കുളത്തിന്റെ അരികിൽ ചെന്നപ്പോൾ ഒരുവേള ഓർത്തു, നാളെ മുതൽ ഈ കുളി തനിക്ക് ലഭിക്കാൻ പോകുന്നില്ല,ഒരു ദിവസത്തെ തന്റെ ഊർജം ആണ് കാലത്ത് ഈ കുളത്തിൽ ഒന്ന് മുങ്ങി നിവരുമ്പോൾ കിട്ടുന്നത്,ജോലി കിട്ടിയിട്ട് ഒരു വർഷം ആയിട്ടേ ഉള്ളു, അതുവരെ അടുത്ത് ഒരു പ്രൈവറ്റ് ബാങ്കിൽ വർക്ക്‌ ചെയ്യുക ആരുന്നു,ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്ത ബിരുദവും നെറ്റും സെറ്റും എല്ലാം നേടിയിട്ടുണ്ട്, പക്ഷെ ഒരു സ്ഥിരജോലി കിട്ടിയത് ഒരു വർഷം മുൻപ് ആണ്, ആദ്യം ഗസ്റ്റ്‌ ലക്ച്ചർ ആയി ആരുന്നു അത് പാലക്കാട്‌ തന്നെ ഉള്ള കോളേജ് ആരുന്നു അതിനാൽ വീട്ടിൽ നിന്ന് മാറി നിൽകണ്ട അവസ്ഥ വന്നിട്ടില്ല, ഇതിപ്പോൾ കോട്ടയം ആണ്,താൻ പോയാൽ അമ്മയും ആതിരയും ഒറ്റക്ക് ആയി പോകും, അച്ഛൻ താൻ പിജിക്ക് പഠിക്കുന്ന കാലത്ത് മരിച്ചതാണ്, അതിനുശേഷം ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിൽ ആണ്, അതുകൊണ്ട് തന്നെo സാധാരണ ചെറുപ്പക്കാരുടെ ഒരു ദുസ്വഭാവങ്ങളും ആനന്ദിന് ഇല്ല, വല്ലപ്പഴും കൂട്ടുകാർക്ക് ഒപ്പം ഓരോ ബിയർ, വലിയില്ല അനാവശ്യകൂട്ട് ഇല്ല, എന്തിനു ഒരു പ്രണയം പോലും ഇല്ല, ഇരുപത്തിമൂന്നാമത്തെ വയസിൽ കുടുംബത്തിനു വേണ്ടി ജീവിക്കൻ തുടങ്ങിയത് ആണ് അയാൾ,

“ഏലക്ക ഉണ്ടോ അമ്മേ,

“ഉവ്വ്.

“എങ്കിൽ ഏലക്ക ഇട്ട് ഒരു കട്ടൻ എടുക്ക്,

ആനന്ദ് പറഞ്ഞു,

അയാളുടെ ഒരു പ്രതേക ഇഷ്ടം ആണ് അത്,

ഇഡ്ഡലി സാമ്പാറിൽ മുക്കി കഴിക്കുമ്പോൾ ആനന്ദ് ഓർത്തു, പാലക്കാടിന്റെ ഭക്ഷണരീതിക്ക് പോലും ഒരു തമിഴ് ടച്ച്‌ ഉണ്ട്, നാളെ മുതൽ പുതിയ ഭക്ഷണം ആണ്,ഏലക്ക മണം നാസികയിൽ അടിച്ചപ്പോൾ അയാൾ ചിന്തകളിൽ നിന്ന് ഉണർന്നു,

“ഞാൻ ചിന്തിക്കുക ആരുന്നു, ഞാൻ അങ്ങ് പോയാൽ അമ്മയ്ക്കും ആതിക്കും ആരാണ് ഇവിടെ ഒരു കൂട്ട്? എന്തേലും ഒരു ആവിശ്യം വന്നാൽ എന്ത് ചെയ്യും

“നീയ് അതോർത്തു വിഷമിക്കണ്ട അനി, കുറച്ചു അപ്പുറം മാറി രാഘവനും പിന്നെ നിന്റെ അമ്മാമ്മയും ഒക്കെ ഇല്ലേ,

“ഉവ്വ് എങ്കിലും ഒരു പേടി,

“പേടിക്കണ്ട, പിന്നെ നീയ്യ് അമ്മാമ്മയോട് യാത്ര പറയാൻ പോകുന്നില്ലേ,

“ഉവ്വ് വൈകുന്നേരം ഇറങ്ങുന്നുണ്ട്,

കുറച്ച് നേരം തൊടിയിലെ കൃഷികൾ ഒക്കെ നോക്കി സമയം കളഞ്ഞു ആനന്ദ്, ഉച്ച വരെ അങ്ങനെ നിന്നു, ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം ഒന്ന് കിടന്നു, ശേഷം ഉണർന്നു കുളത്തിൽ ഒന്നുടെ വിസ്ത്തരിച്ച ഒരു കുളി, അത് കഴിഞ്ഞു എത്തുമ്പോൾ ആതി എതിര്ന്നു, <

“നീ വന്നോ

“വന്നേ ഉള്ളു ഏട്ടാ, ഏട്ടൻ എങ്ങോട്ട് ആണ്,

“ഞാൻ അമ്മാമ്മയുടെ അടുത്തേക്ക് പോവാ, അവിടുന്ന് അമ്പലത്തിൽ,

“ഞാനും വരുന്നു അമ്മാമ്മയുടെ അടുത്ത്,

“ഞാൻ അവിടുന്ന് അമ്പലത്തിൽ പോകും,

“എന്നേ തിരികെ വീട്ടിൽ കൊണ്ടുവിട്ടിട് പൊക്കോ, പിന്നെ ഞാനും അമ്മയും കൂടെ അമ്പലത്തിൽ വാരം,

“ശരി ഞാൻ റെഡി ആകുമ്പോളേക്ക് റെഡി ആയി വരണം,

“ഏറ്റു,

ആതിര സന്തോഷത്തോടെ ഓടി റൂമിലേക്ക് പോയി,ആനന്ദ് പെട്ടന്ന് തന്നെ റെഡി ആയി വന്നു, ഒരു നീല ചെക്കിന്റെ ഷർട്ടും മുണ്ടും ആരുന്നു അയാളുടെ വേഷം, പൊതുവെ നാടൻ കാര്യങ്ങളെ ഇഷ്ട്ടപെടുന്ന അയാളുടെ പ്രിയപ്പെട്ട വേഷം കസവു മുണ്ടും ഷർട്ടും തന്നെ ആയിരുന്നു,അമ്മയോട് യാത്ര പറഞ്ഞു രണ്ടാളും ഇറങ്ങി,അതിരയെയും കൂട്ടി വയലിന്റെ വീതി കുറഞ്ഞ പടവുകളിൽ കൂടെ അയാൾ അമ്മാമ്മയുടെ വീട്ടിലേക്ക് നടന്നു.

“ഏട്ടനെ കാണുമ്പോൾ ഉത്തരേച്ചിക്ക് സന്തോഷം ആകും,

അയാൾ അതിന് മറുപടി പറഞ്ഞില്ല,

“ഏട്ടനോട് ഉത്തരേച്ചിക്ക് ഒരു ഇഷ്ടം ഉണ്ട്, എനിക്ക് ഉറപ്പാണ്, തുറന്നു പറയാൻ ഉള്ള മടി കൊണ്ടാണ്, എന്റെ അടുത്ത് ഏട്ടന്റെ ഇഷ്ട്ടങ്ങൾ ഒക്കെ ചോദിച്ചു അറിഞ്ഞു വച്ചിട്ടുണ്ട്,

“നീയ്യ് മിണ്ടാതെ ഇരിക്ക്,

“ഏട്ടന് ചേച്ചിയെ ഇഷ്ടം അല്ലേ, ഏട്ടന്റെ മുറപ്പെണ്ണ് ആണ്,

“എന്റെ ആതി നിന്നെക്കാൾ ഒരു 3 വയസ്സ് കൂടുതൽ കാണും അവൾക്ക്, അവൾ ചെറിയ കുട്ടി അല്ലേ ഞാൻ കുട്ടികാലം മുതലേ എടുത്തുകൊണ്ട് നടന്നതാ അവളേം അവളെ എന്റെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ ഒന്നും എനിക്ക് പറ്റില്ല, നിന്നെ പോലെ തന്നെ ആണ് അവൾ എനിക്ക്,

ആതിര പിന്നെ ഒന്നും പറഞ്ഞില്ല,അമ്മാമ്മയുടെ വീട്ടിൽ എത്തിയതും ആതിര ഉത്തരയോട് ഒപ്പം കൂടി,നാളെ കോട്ടയത്തേക്ക് പോകുന്ന കാര്യം അമ്മാമ്മയോടും അമ്മായിയോടും യാത്ര പറഞ്ഞു, അനുഗ്രഹം വാങ്ങി, ഇടക്ക് പ്രതീക്ഷയോടെ നോക്കിയ ഉത്തരയുടെ നോട്ടം മനഃപൂർവം അവഗണിച്ചു. വെറുതെ ഒരു ആശ കൊടുക്കണ്ട എന്ന് കരുതി തന്നെ ആണ്, ആനന്ദ് അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു ഇറങ്ങി, തിരികെ വരുമ്പോൾ കൈയ്യിൽ നിറയെ സീതപഴവും ആയി മുന്നിൽ ആതിര.ഇതിന് ആയിരുന്നു അവൾ കൂടെ ഇറങ്ങിയത്,ആതിരയും ആനന്ദു കൂടെ പോകുന്നത് ഉമ്മറത്തു നിന്ന് ഉത്തര കണ്ടു, ആനന്ദ് തന്നെ അവഗണിക്കുന്നത് അവളിൽ ദുഃഖം നിറച്ചു.ആതിരയെ വീട്ടിൽ കൊണ്ട് വിട്ട ശേഷം ആനന്ദ് അമ്പലത്തിലേക്ക് പുറപ്പെട്ടു, അവിടെ കൂട്ടുകാർക്ക് ഒപ്പം കുറേ നേരം ആലിൻചുവട്ടിൽ വിശേഷം പറഞ്ഞു ഇരുന്നു.ഉത്സവം ആയതിനാൽ നല്ല തിരക്ക് ഉണ്ടാരുന്നു, അടുത്ത് അടുത്ത് കടകൾ കുപ്പിവളയും ചാന്തും ഒക്കെ വാങ്ങിക്കുന്ന സ്ത്രീജനങ്ങൾ,ഹൈഡ്രജൻബലൂണിന് കൈ നീട്ടുന്ന ബാല്യങ്ങൾ, ഐസ്ക്രീം വണ്ടിയുടെ മുന്നിൽ ചുവട് ഉറപ്പിച്ചു കുറച്ചു കുട്ടികൾ, പലതരം കാഴ്ച്ചകൾ, അങ്ങനെ പലകാഴ്ചകൾ ആയി മണപ്പുള്ളികാവ് ദേവിക്ഷേത്രം തലയെടുപ്പോടെ നിന്നു,

ആനന്ദ് തൊഴാൻ ആയി അകത്തേക്ക് കയറി, തൊഴുതു മടങ്ങുമ്പോൾ ആണ് ആ രൂപം അവന്റെ കണ്ണിൽ പതിഞ്ഞത്, പച്ച പാട്ടുപാവാട അണിഞ്ഞ ഒരു പെൺകുട്ടി, ഒരു ദേവിവിഗ്രഹം പോലെ ശോഭയാർന്ന മുഖം നിതംബം വരെ നീണ്ടു കിടക്കുന്ന നീളൻ മുടിയിഴകളിൽ തുളസികതിർ, ഇപ്പോൾ അങ്ങനെ തുളസികതിർ പെൺകുട്ടികൾ വയ്ക്കുന്നത് കാണാറില്ല അവൻ മനസ്സിൽ ഓർത്തു, നെറ്റിത്തടത്തിൽ ഒരു കുഞ്ഞു പൊട്ട് അതിന് മുകളിൽ ഒരു ചന്ദനകുറി, വിടർന്ന കണ്ണുകളിൽ നിറയെ കരിമഷി,ആകെപാടെ നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം,

“പവിത്ര, ഉത്രാടം

തിരുമേനി വിളിച്ചു പറഞ്ഞു, അവൾ അരികിലേക്ക് വന്നു പ്രസാദം വാങ്ങി നെറ്റിയിൽ ചാർത്തി,

“പവിത്ര”

ആ പേര് ആനന്ദ് മനസ്സിൽ ഉരുവിട്ടു.

(തുടരും )

Leave a Comment